ചേളാരി: സാമൂഹ്യ ശാക്തീകരണത്തിനും വ്യക്തിഗതവും കുടുംബപരവും ആയ വിവിധ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിനും സാമൂഹ്യ ബന്ധങ്ങളിലും വ്യക്തി കുടുംബ ബന്ധങ്ങളിലും ശരിയായ അവബോധം നേടുന്നതിന് ആവശ്യമായ പരിശീലന സംവിധാനത്തോടു കൂടിയ കമ്മ്യൂണിറ്റി സെന്ററുകള്‍ സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷനു കീഴില്‍ സംസ്ഥാനത്തെ മുഴുവന്‍ മണ്ഡലങ്ങളിലും ആരംഭിക്കുന്നു . വ്യക്തിഗതവും കുടുംബപരവും സാമൂഹികവുമായ പ്രശ്‌നങ്ങള്‍ക്ക് മന:ശാസ്ത്രാധിഷ്ഠിതവും നിയമവിധേയവുമായ പരിഹാരം കണ്ടെത്താന്‍ സഹായം ഒരുക്കുകയാണ് കമ്മ്യൂണിറ്റി സെന്ററുകള്‍ ലക്ഷ്യമാക്കുന്നത്. പഠനം, തൊഴില്‍ , കുടുംബ ജീവിതം , സാമൂഹ്യജീവിതം എന്നിവയിലെല്ലാം അനുഭവിക്കുന്ന സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാന്‍ വേണ്ട പ്രായോഗിക പിന്തുണയും മാര്‍ഗദര്‍ശനവും ആവശ്യമായ പഠന പരിശീലനവും ഈ കേന്ദ്രങ്ങളിലൂടെ ലഭ്യമാകുന്നതാണ് . സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷനു കീഴില്‍ പ്രത്യേക പരിശീലനം നേടിയ മന:ശാസ്ത്ര വിദഗ്ധര്‍ നേതൃത്വം നല്‍കുന്ന കമ്മ്യൂണിറ്റി സെന്ററിന്റെ പ്രഥമ കേന്ദ്രം കാസര്‍ഗോഡ് ജില്ലയിലെ തൃക്കരിപ്പൂരില്‍ ഡിസംബര്‍ ആദ്യവാരം ആരംഭിക്കുന്നതാണ് . സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റിക്കു കീഴില്‍ നടന്നുവരുന്ന വിവിധ കോഴ്‌സുകളിലെ പരിശീലനം, മസ്‌ലഹത്ത് സംവിധാനം, കൗണ്‍സിലിങ് എന്നിവ ഉള്‍പ്പെടുന്നതാണ് കമ്മ്യൂണിറ്റി സെന്ററുകള്‍ . കമ്മ്യൂണിറ്റി സെന്റര്‍ സമിതി ചെയര്‍മാന്‍ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ ചെമ്മാട് ദാറുല്‍ ഹുദ ഇസ്ലാമിക് യൂണിവേഴ്‌സിറ്റിയില്‍ വെച്ചു ചേര്‍ന്ന് അവസാന രൂപം നല്‍കി. യു. ശാഫി ഹാജി (SMF സ്‌റ്റേറ്റ് വര്‍ക്കിങ്ങ് സെക്രട്ടറി), അബ്ദുസമദ് പൂക്കോട്ടൂര്‍ (SMF സ്‌റ്റേറ്റ് സെക്രട്ടറി) സി ടി അബ്ദുല്‍ഖാദര്‍ തൃക്കരിപ്പൂര്‍ (SMF കമ്യൂണിറ്റി സെന്റര്‍ സമിതി കണ്‍വീനര്‍ ) അഡ്വ: സൈനുല്‍ ആബിദീന്‍ തങ്ങള്‍ , ഷംസുദ്ദീന്‍ ഒഴുകൂര്‍, അബ്ദുറഹീം ചുഴലി , സൈദലവി ഹാജി , എ പി പി കുഞ്ഞുമുഹമ്മദ് , റാഷിദ് സനൂസി , എന്നിവര്‍ പങ്കെടുത്തു .