About SMF
1976.. ഏപ്രിൽ 26ന് നടന്ന തിരൂർ മേഖല ജംഇയ്യത്തുൽ ഉലമായുടെ സമ്മേളനത്തിന്റെ സംഘാടനവുമായി ബന്ധപ്പെട്ട് വന്ദ്യരായ മർഹൂം എം.എം ബശീർ മുസ്ലിയാർ, സി.എച്ച് ഹൈദ്രോസ് മുസ്ലിയാർ, ഡോ. യു. ബാപ്പുട്ടി ഹാജി എന്നിവർ നടത്തിയ കൂടിയാലോചകളിൽ നിന്നാണ് മുസ്ലിം മഹല്ലുകൾക്ക് നവോത്ഥാനത്തിന്റെ വിത്ത്പാകിയ സുന്നി മഹല്ല് ഫെഡറേഷൻ എന്ന മഹത്തായ പ്രസ്ഥാനം രൂപമെടുത്തത്. മഹല്ലുകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് കൊണ്ടുപോവുക, ദർസ് വിദ്യാഭ്യാസം കാര്യക്ഷമമാക്കുക, മഹല്ലുകളിലെ ജീർണതകൾക്കും അനിസ്ലാമിക പ്രവണതകൾക്കും ശാശ്വത പരിഹാരം കാണുക ഇതെല്ലാമായിരുന്നു ലക്ഷ്യം. മർഹൂം ചാപ്പനങ്ങാടി ബാപ്പു മുസ്ലിയാരുടെ ആശീർവാദത്തോടെയായിരുന്നു സംഘടനയുടെ സമാരംഭം. ടി.കെ.എം ബാവ മുസ്ലിയാർ പ്രസിഡന്റും സി.എച്ച് എെദറൂസ് മുസ്ലിയാർ ജന.സെക്രട്ടറിയും ഡോ. യു ബാപ്പുട്ടി ഹാജി ട്രഷററും പി.കെ അബ്ദു മുസ്ലിയാർ ഒാർഗനൈസറുമായി പ്രഥമ കമ്മിറ്റിക്ക് രൂപം നൽകി.
ഉലമഉമറ കൂട്ടായ്മ ശക്തിപ്പെടേണ്ടതിന്റെ ആവശ്യകത എല്ലാവരും തിരിച്ചറിയുകയും അതനുസരിച്ച് തൊട്ടടുത്ത വർഷം 1977 ഏപ്രിൽ 16,17 തിയ്യതികളിൽ മലപ്പുറത്ത് നടന്ന സമസ്ത ജില്ലാ സമ്മേളനത്തിൽ എസ്.എം.എഫ് മലപ്പുറം ജില്ലാ കമ്മിറ്റി നിലവിൽവരുകയും ചെയ്തു. ശൈഖുനാ കോട്ടുമല അബൂബക്ർ മുസ്ലിയാർ പ്രസിഡന്റും ചെമ്മുക്കൻ കുഞ്ഞാപ്പു ഹാജി ജനറൽ സെക്രട്ടറിയും ഡോ. യു ബാപ്പുട്ടി ഹാജി ട്രഷററുമായി കമ്മിറ്റി രൂപീകരിച്ചു. ജില്ലയെ വിവിധ മേഖലകളായി വിഭജിച്ചും പ്രവർത്തനങ്ങൾ ശാസ്ത്രീയമായി വികേന്ദ്രീകരിച്ചും സമസ്തയുടെയും കീഴ്ഘടകങ്ങളുടെയും ഭാരവാഹികളെയും പ്രവർത്തകരെയും അണിനിരത്തിയുമുള്ള പ്രവർത്തനം ജില്ലയുടെ സാംസ്കാരിക മുഖച്ഛായ തന്നെ മാറ്റിമറിക്കുന്നതായിരുന്നു. തുടർന്ന് സജീവ പ്രവർത്തനത്തിന്റെ എട്ട് വർഷങ്ങൾ. ഇക്കാലയളവിൽ പലയിടങ്ങളിൽ മാതൃകാ ദർസുകൾ സ്ഥാപിക്കുകയും മഹല്ല് ഭരണം കാര്യക്ഷമമാക്കുകയും ചെയ്തു.
പരമ്പരാഗതമായുള്ള ദർസ് വിദ്യാഭ്യാസത്തോടൊപ്പം കാലാനുസൃതമായ ഭൗതിക വിദ്യാഭ്യാസവും നൽകുന്ന മാതൃകാ ദർസുകളെ കുറിച്ചുള്ള ആലോചനകളാണ് ഇത്തരത്തിൽ വിപുലമായ പഠനസംവിധാനമുള്ള ഒരു സ്ഥാപനത്തിന് രൂപംകൊടുക്കുകയെന്ന ഗൗരവമായ ചിന്തയിലേക്ക് നയിച്ചത്. 1986ൽ ദാറുൽഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റിയുടെ സംസ്ഥാപനമായിരുന്നു ഇൗ ചിന്തകളുടെ പരിണതഫലം. ഇല്ലായ്മയിൽ നിന്ന് ഉദയം ചെയ്ത് മൂന്ന് പതിറ്റാണ്ടിനകം മുസ്ലിം ഇന്ത്യയുടെ അഭിമാനത്തോളം വളർന്നുനിൽക്കുന്ന ഇൗ മഹത്സ്ഥാപനം മാത്രം മതിയാവും പരിശ്രമശാലികളും ദീർഘദൃക്കുകളുമായിരുന്ന ആ നേതാക്കളുടെ കഠിനയത്നത്തിന്റെ ആഴവും പരപ്പും മനസ്സിലാക്കാൻ.
1987 കുറ്റിപ്പുറത്ത് നടന്ന സമസ്ത മലപ്പുറം ജില്ലാ സമ്മേളനത്തിൽ വെച്ചാണ് എസ്.എം.എഫ് സംസ്ഥാന കമ്മിറ്റി നിലവിൽവരുന്നത്. ശൈഖുനാ ശംസുൽ ഉലമ ഇ.കെ അബൂബക്കർ മുസ്ലിയാർ പ്രസിഡന്റും പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ജനറൽ സെക്രട്ടറിയും ഡോ. യു. ബാപ്പുട്ടി ഹാജി ട്രഷററുമായിരുന്നു. തുടർന്ന് സംസ്ഥാനതലത്തിൽ സംഘടനയുടെ പ്രവർത്തനം വിപുലപ്പെടുത്തുകയും കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനകം ശ്രദ്ധേയമായ ഒട്ടനവധി പദ്ധതികൾ നടപ്പാക്കുകയും ചെയ്തു.
കേരള മുസ്ലിമിന്റെ സമസ്ത മേഖലകളിലും സ്വാധീനം ചെലുത്തുന്ന സംരംഭമാണ് മഹല്ല് സംവിധാനം. അതുകൊണ്ട് മതപരവും സാമൂഹികവും വിദ്യാഭ്യാസപരവുമായ മുഴുവൻ കാര്യങ്ങളിലും ഇടപെടേണ്ടത് മഹല്ല് കമ്മിറ്റികളുടെ ഉത്തരവാദിത്തമാണ്. ഇതിനായി സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷൻ വിവിധ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നു. ഇതിൽ സുപ്രധാനമായ പദ്ധതികളാണ് സ്വദേശി ദർസ്, പ്രീമാരിറ്റൽ കോഴ്സ്, പാരന്റിംഗ് കോഴ്സ്, ആശ്വാസ്, സുന്ദൂഖ്, വിദ്യാഭ്യാസ തുടർപഠനം എന്നീ സംരംഭങ്ങൾ.
മഹല്ല് ഭരണം കാര്യക്ഷമമാകണമെങ്കിൽ ജനങ്ങളുടെ സാമൂഹിക സാംസ്കാരിക വൈജ്ഞാനിക സാമ്പത്തിക മേഖലകളിൽ കാര്യക്ഷമത ഉറപ്പ്വരുത്തണം. കമ്മിറ്റിയും ജനങ്ങളും തമ്മിൽ നല്ല ബന്ധവും കെട്ടുറപ്പുമുണ്ടാകണം. എസ്.എം.എഫ് മുന്നോട്ടുവെക്കുന്ന പദ്ധതികളോരോന്നും ജനക്ഷേമം മുൻനിർത്തിയുള്ളതായതിനാൽ മഹല്ല് ഭാരവാഹികൾ കാലോചിതമായ രീതിയിൽ അവരുടെ പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തേണ്ടതാവശ്യമാണ്. പള്ളികളുടെയും മദ്റസകളുടെയും ഭൗതിക വളർച്ചക്കപ്പുറം മഹല്ലിലെ മുസ്ലിംകളുടെ ധാർമികവും സാംസ്കാരികവും സാമൂഹികവുമായ വളർച്ചയും കൂടി മഹല്ല് ഭാരവാഹികളുടെ ഉത്തരവാദിത്തമാണ്.
കമ്മിറ്റി രൂപീകരണം, കമ്മിറ്റിയുടെ സ്വഭാവം, പ്രവർത്തന രീതി, മഹല്ലിൽ നടപ്പിലാക്കേണ്ട പദ്ധതികൾ, നടത്തിപ്പു രീതികൾ, മഹല്ല് രജിസ്ട്രേഷനുകൾ, മഹല്ലിൽ ആവശ്യമായ രേഖകൾ എന്നിവയെല്ലാം ഇൗ ജേണലിൽ വിശദീകരിക്കുന്നുണ്ട്
ഇത്തരം കാര്യങ്ങളെ കുറിച്ച് മഹല്ലിന്റെ ഉത്തരവാദപ്പെട്ടവരെ ഉണർത്തുകയാണ് ഇൗ പുസ്തകത്തിന്റെ ലക്ഷ്യം. ഇതിൽ പ്രതിപാദിച്ചിരിക്കുന്ന ക്ഷേമപദ്ധതികളും സഹായങ്ങളും അർഹരായ ആളുകൾക്ക് എത്തിച്ചുകൊടുക്കുന്നതിന് മഹല്ല് കമ്മിറ്റി പ്രത്യേക ഉൗന്നൽ നൽകേണ്ടതാണ്. അതുവഴി മഹല്ലിന്റെ നാനോന്മുഖ പുരോഗതിയും നാം കൈവരിക്കേണ്ടതുണ്ട്. നാഥൻ തുണക്കട്ടെ, ആമീൻ.