ആഗോള വിപത്തായ കോവിഡ്-19 വ്യാപനം തടയുവാന്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങളോട് പൂര്‍ണമായും സഹകരിക്കണമെന്ന് സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജിയും പ്രസ്താവിച്ചു. ഇക്കാര്യത്തില്‍ താഴെ പറയുന്ന നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ SMF സംസ്ഥാന കമ്മിറ്റിയും മേഖലാ നേതാക്കളും മഹല്ല് ജമാഅത്തുകളും നേതൃത്വം നല്‍കേണ്ടതാണ്. 1. വിദേശത്ത്‌നിന്ന് വരുന്നവര്‍ നിര്‍ദ്ദിഷ്ട ദിവസം ക്വാറന്റീന്‍ (പകര്‍ച്ചവ്യാധിയാലുള്ള രോഗബാധിതര്‍ക്ക് ഏര്‍പ്പെടുത്തുന്ന ഏകാന്തവാസം) പാലിക്കേണ്ടതാണ്. 2. പ്രാസ്ഥാനിക, സ്ഥാപന, കുടുംബ സംബന്ധമായ സംഗമങ്ങള്‍, ചടങ്ങുകള്‍, യാത്രകള്‍, പ്രാദേശിക ആഘോഷങ്ങള്‍, പൊതുഇടങ്ങളിലെ കൂടിച്ചേരലുകള്‍ എന്നിവ താല്‍ക്കാലികമായി നിര്‍ത്തി വെക്കുക. 3. രോഗികളും നിരീക്ഷണത്തിലുള്ളവരും വീട്ടില്‍ വെച്ച് മാത്രം ആരാധനകള്‍ നിര്‍വ്വഹിക്കുക. 4. രോഗബാധ ഇല്ലെന്ന് ഉറപ്പുള്ളവര്‍ മാത്രം ജുമുഅയില്‍ പങ്കെടുക്കുക. 5. ജുമുഅ സാധ്യമായ വിധം ലഘൂകരിക്കുക. 6. പള്ളികളില്‍ വരുന്നവര്‍ പരിപൂര്‍ണ ശുചിത്വം ഉറപ്പ് വരുത്തുകയും ഇതിനായി പള്ളിയോടനുബന്ധിച്ച് സൗകര്യം ഒരുക്കുകയും ചെയ്യുക. 7. വീടുകളും പരിസരങ്ങളും അണുവിമുക്തമാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുക. 8. ശുചിത്വത്തിന്റെ പ്രാധാന്യത്തെ സംബന്ധിച്ചും നടപടികളെക്കുറിച്ചും, ഇത്തരം പരീക്ഷണങ്ങളില്‍നിന്ന് മുക്തമാകാന്‍ ഇസ്‌ലാം നിര്‍ദേശിക്കുന്ന ആത്മീയ മാര്‍ഗങ്ങളെക്കുറിച്ചും, അവ വീടുകളില്‍ നിര്‍വഹിക്കേണ്ടതിനെക്കുറിച്ചും ഖത്തീബുമാരും ഇമാമുമാരും ബോധവല്‍ക്കരണം നടത്തുക. 9. പാഠശാലകള്‍ അവധിയായതിനാല്‍ കുട്ടികളില്‍ അലസത വരുന്നത് തടയാന്‍ വീട്ടില്‍ വെച്ച് വായന - പഠനം എന്നിവയ്ക്ക് സംവിധാനമൊരുക്കുക. 10. അവധിക്കാലത്ത് വിദ്യാര്‍ത്ഥികള്‍ സോഷ്യല്‍ മീഡിയ, ടി.വി എന്നിവയുടെ അടിമകളാകാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തുക. 11. ഭീതി അകറ്റുന്നതോടൊപ്പം വിഷയഗൗരവം ഉള്‍ക്കൊണ്ട് കരുതല്‍ നടപടികള്‍ സ്വീകരിക്കുകയും ആരോഗ്യനിര്‍ദേശങ്ങള്‍ പാലിക്കുകയും ചെയ്യുക. 12. ഓരോരുത്തരും പശ്ചാതാപ മനസ്സോടെ സ്വയം അല്ലാഹുവിലേക്ക് അടുക്കാന്‍ ആവശ്യമായ പ്രവര്‍ത്തനത്തില്‍ വ്യാപൃതരാകുക.