ചേളാരി: സ്ത്രീകളുടെ വിവാഹ പ്രായ പരിധി പതിനെട്ടില്‍നിന്ന് ഇരുപത്തി ഒന്ന് വയസ്സാക്കി ഉയര്‍ത്തുമെന്നും നിയമം ഉടനടി നടപ്പാക്കുമെന്നുമുള്ള പ്രധാന മന്ത്രിയുടെയും ചില മന്ത്രിമാരുടെയും പ്രസ്താവനകള്‍ സദാചാര ബോധമുള്ള ആരെയും ആശങ്കപ്പെടുത്തുന്നതും അത്യന്തം അധാര്‍മികവുമാണെന്നും ചേളാരി സമസ്താലയത്തില്‍ ചേര്‍ന്ന സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന പദ്ധതി നിര്‍വഹണ സമിതിയുടെ സംയുക്ത യോഗം അഭിപ്രായപെട്ടു. പൗരന്റെ മൗലിക അവകാശങ്ങളിലുള്ള ഈ കടന്നുകയറ്റം സമൂഹത്തില്‍ അരക്ഷിതാവസ്ഥയു രാജ്യത്ത് ആരാജകത്തവും വര്‍ധിക്കുവാന്‍ മാത്രമേ സഹായകമാവുകയുള്ളുവെന്ന് യോഗം വിലയിരുത്തി. രാജ്യത്തെ രാഷ്ട്രീയ പ്രസ്ഥാനങ്ങളും പാര്‍ലമന്റ് അംഗങ്ങളും മത സംഘടനകളുടെ കൂട്ടായ്മകളും കേന്ദ്ര സര്‍ക്കാറിനെ ഈ നിഷേധാത്മക നിലപാടില്‍നിന്ന് പിന്തിരിപ്പിക്കുന്നതിനാവശ്യമായ ശക്തമായ ഇടപെടലുകള്‍ നടത്തണമെന്ന് യോഗം ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു. അടുത്ത ഒരു വര്‍ഷക്കാലം കിഴ്ഘടകങ്ങളിലും മഹല്ല് തലങ്ങളിലും നടപ്പാക്കേണ്ട വിവിധ കര്‍മ പദ്ധതികള്‍ക്ക് യോഗം അന്തിമ രൂപം കണ്ടു. പിണങ്ങോട് അബൂബക്കര്‍ അധ്യക്ഷനായ യോഗം മുക്കം ഉമര്‍ ഫൈസി ഉല്‍ഘാടനം ചെയ്തു. യു മുഹമ്മദ് ശാഫി ഹാജി ചെമ്മാട്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, സി. ടി അബ്ദുല്‍ ഖാദര്‍ തൃക്കരിപ്പൂര്‍, കെ. മൊയിന്‍ കുട്ടി മാസ്റ്റര്‍, വി.എ.സി കുട്ടി ഹാജി പാലക്കാട്, നാസര്‍ ഫൈസി കൂടത്തായി, ഹംസ ഹാജി മൂന്നിയൂര്‍, പി.ടി മുഹമ്മദ് മാസ്റ്റര്‍ കണ്ണൂര്‍, സലാം ഫൈസി മുക്കം, ശംസുദ്ധീന്‍ മാസ്റ്റര്‍ ഒഴുകൂര്‍, ഇസ്മായില്‍ ഹുദവി ചെമ്മാട്, ജാബിര്‍ ഹുദവി തൃക്കരിപ്പൂര്‍ എന്നിവര്‍ പങ്കെടുത്തയോഗത്തില്‍ എ.കെ. ആലിപ്പറമ്പ് നന്ദിയും പറഞ്ഞു.