വഖ്ഫ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട മഹല്ലുകളിലെ അര്‍ഹതപ്പെട്ടവരുടെ ചികിത്സാ, വിവാഹ ധനസഹായം, തുടങ്ങിയ വിവിധ അപേക്ഷകള്‍ക്ക് ഗ്രാന്റ് അനുവദിക്കാതെയും ധനസഹായം നല്‍കാതെയും വഖഫ് സ്ഥാപനങ്ങളോടും ജീവനക്കാരോടും കേരള സര്‍ക്കാറും സംസ്ഥാന വഖഫ് ബോര്‍ഡും കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്നും വ്യവസ്ഥാപിതമായി നടക്കുന്ന പല മഹല്ലുകളിലും പൊതു ഹിതത്തിനെതിരായി അനധികൃത ഇടപെടലുകള്‍ നടത്തി വഖഫ് സ്ഥാപനങ്ങളുടെ സുഗമമായ നടത്തിപ്പിന് തടസ്സം നില്‍ക്കുന്ന വഖഫ് ബോര്‍ഡിന്റെ പക്ഷപാതപരമായ സമീപനം തിരുത്തണമെന്നും അല്ലാത്ത പക്ഷം വഖഫ് മുതവല്ലിമാരെയും ബഹുജനങ്ങളെയും അണിനിരത്തി ശക്തമായ പ്രതിഷേധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്നും സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി യു. മുഹമ്മദ് ഷാഫി ഹാജി, വര്‍ക്കിംഗ് സെക്രട്ടറി അബ്ദുസ്വമദ് പൂക്കോട്ടൂര്‍, സെക്രട്ടറിമാരായ സി.ടി അബ്ദുല്‍ ഖാദര്‍ ഹാജി തൃക്കരിപ്പൂര്‍, ഹംസ ബിന്‍ ജമാല്‍ റംലി തൃശൂര്‍, പി.സി ഇബ്രാഹീം ഹാജി വയനാട്, അഞ്ചല്‍ ബദറുദ്ദീന്‍ കൊല്ലം, വി.എ.സി കുട്ടി ഹാജി പാലക്കാട് എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ നാല് വര്‍ഷമായി ചികിത്സക്കും വിവാഹ ധനസഹായങ്ങള്‍ക്കുമായി സമര്‍പ്പിക്കപ്പെട്ട നാലായിരത്തിലധികം അപേക്ഷകളാണ് വഖഫ് ബോര്‍ഡില്‍ കെട്ടിക്കിടക്കുന്നത്. ബോര്‍ഡിന്റെ സാങ്ഷന്‍ കമ്മിറ്റി അംഗീകരിച്ച അപേക്ഷകളാണ് സര്‍ക്കാരില്‍ നിന്ന് സമയത്തിന് ഗ്രാന്റ് ലഭിക്കാത്തതിനാല്‍ തീരുമാനമാകാതെ കിടക്കുന്നത്. വഖഫ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ലഭിക്കേണ്ട അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ അനുവദിക്കുന്നതില്‍ കാലവിളംബം വരുത്തുന്നത് ആശാസ്യമല്ലെന്നും നേതാക്കള്‍ വ്യക്തമാക്കി.