സ്‌കൂള്‍ സമയമാറ്റം നടപ്പാക്കരുത് - സുന്നി മഹല്ല് ഫെഡറേഷന്‍ ചേളാരി: കേരളത്തില്‍ പ്രത്യേകിച്ച് മലബാറില്‍ മതപഠനം നടക്കുന്ന മദ്രസകള്‍ പ്രവര്‍ത്തിക്കുന്നത് രാവിലെ 7 മണി മുതല്‍ 9.30 വരെയാണ്. ഇതിന് വിഘാതമാകുന്ന രീതിയില്‍ സ്‌കൂള്‍ പഠനം രാവിലെ 8 മണിക്ക് ആരംഭിക്കും വിധം ക്രമീകരിക്കാനുള്ള ഖാദര്‍ കമ്മറ്റി റിപ്പോര്‍ട്ട് സര്‍ക്കാര്‍ തത്വത്തില്‍ അംഗീകരിച്ചത് പുന:പരിശോധിക്കണമെന്ന് സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി യു മുഹമ്മദ് ശാഫി ഹാജി ചെമ്മാട്, വര്‍ക്കിങ് സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍, സെക്രട്ടറിമാരായ സി.ടി അബ്ദുല്‍ ഖാദര്‍ ഹാജി തര്‍ക്കരിപ്പൂര്‍, പി.സി ഇബ്രാഹിം ഹാജി വയനാട്, വി.എ.സി കുട്ടി ഹാജി പാലക്കാട്, ബഷീര്‍ കല്ലേപ്പാടം തൃശൂര്‍, അഞ്ചല്‍ ബദറുദ്ധീന്‍ കൊല്ലം എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. റിപ്പോര്‍ട്ടിലെ പ്രസക്തമായ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നത് പൊതുവിദ്യാഭ്യാസത്തിന് ഗുണകരമാണ്. എന്നാല്‍ സമയമാറ്റം മതപഠനത്തെ ബാധിക്കുന്നതിനാല്‍ അംഗീകരിക്കാനാവില്ലെന്ന് നേതാക്കള്‍ വ്യക്തമാക്കി. ഇങ്ങിനെയൊരു നിര്‍ദ്ദേശം വര്‍ഷങ്ങള്‍ക്ക് മുമ്പേ വന്നിരുന്നുവെങ്കിലും സമസ്ത അടക്കമുള്ള മുസ്ലിം സംഘടനളുടെ ശക്തമായ എതിര്‍പ്പിനെതുടര്‍ന്ന് അന്നത്തെ സര്‍ക്കാര്‍ ഈ നീക്കത്തില്‍നിന്നും പിന്തിരിയുകയാണുണ്ടായത്. നിലവിലുള്ള സമയക്രമം വഴി തന്നെ കേരളത്തിന്റെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്താന്‍ കഴിഞ്ഞത് ശ്രദ്ധേയമാണ്. ഒഴിഞ്ഞുകിടക്കുന്ന അധ്യാപക തസ്തികകളില്‍ സ്ഥിരനിയമനം നടത്തുകയും അധ്യാപകരെ മറ്റുജോലികള്‍ക്ക് നിയോഗിക്കുന്നത് അവസാനിപ്പിക്കുകയും ചെയ്താല്‍ പഠനനിലവാരം ഒന്നുകൂടി മെച്ചപ്പെടുത്താന്‍ കഴിയുമെന്നിരിക്കെ കാലങ്ങളായി നിരാക്ഷേപം തുടരുന്ന സമയക്രമം മാറ്റി ധാര്‍മ്മിക വിദ്യാഭ്യാസത്തകര്‍ച്ചയ്ക്ക് അവസരമൊരുക്കുന്ന നടപടി സര്‍ക്കാരില്‍നിന്നുണ്ടാവരുതെന്ന് പ്രസ്താവനയില്‍ വ്യക്തമാക്കി.