മുത്വലാഖ് ബില്‍ ഭരണഘടനാ വിരുദ്ധം; പിന്‍വലിക്കണമെന്ന് എസ്.എം.എഫ് മലപ്പുറം : മുത്വലാഖ് ബില്‍ നടപ്പിലാക്കുന്നതില്‍നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്തിരിയണമെന്ന് എസ്.എം.എഫ് സംസ്ഥാന പ്രവര്‍ത്തക സമിതി ആവശ്യപ്പെട്ടു. വിവാഹം, വിവാഹ മോചനം തുടങ്ങിയവ സിവില്‍ നിയമത്തില്‍ പെട്ടതായിരിക്കെ മുത്വലാഖ് ചൊല്ലിയ പുരുഷനെ മൂന്ന് വര്‍ഷം ജയിലിലടക്കാന്‍ വ്യവസ്ഥചെയ്യുന്ന നിര്‍ദിഷ്ട ബില്ല് ക്രിമിനല്‍ നിയമമാക്കുന്ന നടപടി ഭരണഘടന അനുവദിച്ച നീതിന്യായ വ്യവസ്ഥയിലുള്ള ഇടപെടലുകളാണ്. മത വിശ്വാസികള്‍ക്ക് പൂര്‍ണ സ്വാതന്ത്രം ഭരണഘടന അനുവദിച്ചിരിക്കെ മത സ്വാതന്ത്ര്യത്തില്‍ ഇടപെടുന്ന നിലപാട് ശരിയല്ല. ത്വലാഖ് ചൊല്ലിയ പുരുഷനെ ജയിലിലടക്കുകവഴി കൂടുതല്‍ പ്രയാസപ്പെടുക സ്ത്രീയാണ്. ഹിന്ദു, ക്രിസ്ത്യന്‍, ജൈന, സിഖ് മതവിഭാഗങ്ങളുടെ സിവില്‍ നിയമങ്ങളില്‍ ഭരണഘടന സ്വീകരിച്ച നൈതികത മുസ്‌ലിംകള്‍ക്ക് നിഷേധിക്കുന്ന നടപടിയില്‍നിന്നും ഭരണകൂടം പിന്തിരിയണമെന്നും യോഗം ആവശ്യപ്പെട്ടു. രാഷ്ട്രീയ, സാംസ്‌കാരിക സംഘടനകള്‍ മുസ്‌ലിം ന്യൂനപക്ഷത്തിന്റെ വിശ്വാസ സംരക്ഷണത്തിന് പാര്‍മെന്റിലും പുറത്തും ശബ്ദമുയര്‍ത്തണമെന്നും മുത്വലാഖ് നിരോധന നിയമം മുസ്‌ലിംകള്‍ക്ക് സ്വീകാര്യമല്ലെന്നും യോഗം അംഗീകരിച്ച പ്രമേയത്തില്‍ പറഞ്ഞു. പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി, പിണങ്ങോട് അബൂബക്കര്‍ റിപ്പോര്‍ട്ടും, സി.ടി അബ്ദുല്‍ഖാദര്‍ തൃക്കരിപ്പൂര്‍ പുതിയ പദ്ധതികളും അവതരിപ്പിച്ചു. യു. മുഹമ്മദ് ശാഫി ഹാജി സ്വാഗതവും എസ്.കെ ഹംസ ഹാജി നന്ദിയും പറഞ്ഞു.