ചേളാരി : സംസ്ഥാനത്തെ മഹല്ലുകളില്‍ ഖത്തീബുമാരായി സേവനമനുഷ്ഠിക്കുന്നവര്‍ക്ക് വിവിധ മേഖലകളാക്കി തിരിച്ച് ഖുത്ത്ബാ ട്രൈനിംഗ് കോഴ്‌സ് നടപ്പിലാക്കാനും സ്വദേശി ദര്‍സുകള്‍ക്ക് പുതിയ പാഠ്യപദ്ധതി തയ്യാറാക്കി കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ സംസ്ഥാനത്തൊട്ടാകെ 15-നും 20-നും ഇടയില്‍ പ്രായക്കാരായ പഠിതാക്കളെ കണ്ടെത്തി പദ്ധതി കൂടുതല്‍ വ്യാപകമാക്കാനും പ്രീമാരിറ്റല്‍ കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ആക്കിയത് പോലെ പാരന്റിംഗ് കോഴ്‌സും അഞ്ച് മൊഡ്യൂളുകളാക്കി പരിഷ്‌കരിക്കുവാനും ചെമ്മാട് ദാറുല്‍ ഹുദയില്‍ ചേര്‍ന്ന എസ്.എം.എഫ് പ്രൊജക്ട് വിംഗ് രൂപ രേഖ തയ്യാറാക്കി. 2019 നവംബര്‍ 1 മുതല്‍ 30 വരെ ജില്ലാതലങ്ങളില്‍ സംഘടിപ്പിക്കപ്പെടുന്ന മുഅദ്ദിന്‍ സംഗമങ്ങള്‍ക്കും എസ്.എം.എഫ് കമ്മ്യൂണിറ്റി സെന്റര്‍ നടത്തിപ്പിനും ആവശ്യമായ പ്രായോഗിക പദ്ധതികളും യോഗം ചര്‍ച്ച ചെയ്തു. ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നയോഗത്തില്‍ യു. മുഹമ്മദ് ശാഫി ഹാജി ചെമ്മാട്, നാസര്‍ ഫൈസി കൂടത്തായി, കെ.സി മുഹമ്മദ് ബാഖവി, ശംസുദ്ദീന്‍ മാസ്റ്റര്‍ ഒഴുകൂര്‍, അബൂബക്കര്‍ മാസ്റ്റര്‍ നാട്ടുകല്ല്, ബശീര്‍ കല്ലേപ്പാടം, എ.കെ ആലിപ്പറമ്പ്, ഒ.എം ശരീഫ് ദാരിമി കോട്ടയം, പി.സി ഉമര്‍ മൗലവി വയനാട്, ഇസ്മാഈല്‍ ഹുദവി ചെമ്മാട്, മുനീര്‍ ഹുദവി ഫറോക്ക് എന്നിവര്‍ സംസാരിച്ചു.